ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരക്കിടെ പല തവണ പിച്ച് കയ്യേറിയ ഇംഗ്ലണ്ട് ആരാധകർ ജാർവോ എന്ന ഡാനിയൽ ജാർവിസ് അറസ്റ്റിലായെന്ന് റിപ്പോർട്ട്. നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിനിടെ പിച്ചിലേക്ക് ഓടിക്കയറി ബെയർസ്റ്റോയെ ഇടിച്ച താരത്തിനെതിരെ കയ്യേറ്റ ശ്രമമാണ് ചുമത്തിയിരിക്കുന്നത്. (Jarvo Arrested Assault india)
ലോർഡ്സിൽ വച്ച് നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് ജാർവോ ആദ്യം പിച്ച് കയ്യേറിയത്. ഇംഗ്ലണ്ട് ബാറ്റിംഗിനിടെയായിരുന്നു കയേറ്റം. ഹെഡിംഗ്‌ലിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ വീണ്ടും ജാർവോ പിച്ചിലെത്തി. ഇത്തവണ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ക്രിക്കറ്റ് ഗിയർ ധരിച്ചാണ് യൂട്യൂബ് പ്രാങ്ക്സ്റ്റർ കൂടിയായ ജാർവോ പിച്ച് കയ്യേറിയത്. ഇതിനു പിന്നാലെ ഹെഡിംഗ്‌ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് ജാർവോയെ വിലക്കി. ഇന്നാണ് പരമ്പരയിൽ മൂന്നാം തവണ ഇയാൾ ഗ്രൗണ്ടിലെത്തിയത്. ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗിനിടെ പിച്ചിലെത്തിയ ഇയാൾ ബെയർസ്റ്റോയുമായി കൂട്ടിയിടിച്ചു. ഇതോടെ ജാർവോയെ ഗ്രൗണ്ടിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. ഇതിനു പിന്നാലെ ജാർവോയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രണ്ടാം തവണ ജാർവോ പിച്ച് കയ്യേറിയപ്പോൾ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഒരുക്കിയ സുരക്ഷക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. കൊവിഡ് ഭീതി നിലനിൽക്കുമ്പോൾ ഒരു ആരാധകൻ മൂന്ന് തവണ അനായാസം ഗ്രൗണ്ടിലെത്തിയത് സുരക്ഷാ വീഴ്ചയാണെന്നായിരുന്നു വിമർശനങ്ങൾ.
അതേസമയം, ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 290 റൺസിനു പുറത്തായി. ഇന്ത്യൻ സ്കോറിൽ നിന്ന് 99 റൺസിൻ്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. 81 റൺസെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് വോക്സും (50) ഇംഗ്ലണ്ടിനായി ഫിഫ്റ്റിയടിച്ചു. ജോണി ബെയർസ്റ്റോ (37) മൊയീൻ അലി (35), ഡേവിഡ് മലാൻ (31) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് അവിടെനിന്ന് കരകയറിയാണ് ലീഡ് നേടിയത്.