ന്യൂഡൽഹി;എഴുപത് കേന്ദ്രമന്ത്രിമാർ ഉടൻ തന്നെ കശ്മീർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 10 മുതൽ കേന്ദ്രമന്ത്രിമാർ കശ്മീരിൽ സന്ദർശനം ആരംഭിക്കും. തെരഞ്ഞടുപ്പ് നടത്തി ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഇതിനായുള്ള ചർച്ചകളും ആരംഭിച്ചതായാണ് സൂചന. തയ്യാറെടുപ്പുകൾ നടത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന് മോദി സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു. കശ്മീരിലെ ജനങ്ങളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്താനാണ് കേന്ദ്രസർക്കാരിന്റെ അടുത്ത നീക്കം. ഇതിനായാണ് കേന്ദ്രമന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളെയും കശ്മീർ സന്ദർശനത്തിനായി അണിനിരത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കേന്ദ്രമന്ത്രിമാർക്കും ഇതു സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നൽകി കഴിഞ്ഞു. വിദൂര പ്രദേശങ്ങളിൽ പോയി പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടണമെന്നാണ് മന്ത്രിമാർക്ക് നൽകിയ നിർദ്ദേശം. .ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കണം. അവ മറികടക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര പദ്ധതികൾ, അവ പൂർത്തീകരിക്കുന്ന സമയം, ജനങ്ങളുടെ മറ്റ് വികസന പദ്ധതികൾ എന്നിവ അവലോകനം ചെയ്യാനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 10 മുതൽ ഒൻപത് ആഴ്ച സമയമാണ് സന്ദർശനത്തിനായി മോദി സർക്കാർ നിർദ്ദേശിച്ചത്. വിദൂര പ്രദേശങ്ങളിലെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തണം. വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. പ്രധാനമന്ത്രി മോദിയും താഴ്വര സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി നേതാവ് രവീന്ദ്ര റെയ്‌ന പറഞ്ഞു. അടുത്ത രണ്ട് മാസക്കാലം ജമ്മുകശ്മീരിൽ കേന്ദ്രമന്ത്രിമാർ സ്ഥിരമായി ഉണ്ടാകുമെന്നും രവീന്ദ്ര റെയ്ന കൂട്ടിചേർത്തു.
2020 ജനുവരിയിൽ 36 മന്ത്രിമാർ ജമ്മു കശ്മീർ സന്ദർശിച്ചിരുന്നു. മന്ത്രിമാർ നേരിട്ട് പൊതുജനങ്ങളുടെ അടുത്തേക്ക് പോയി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയിരുന്നു. ഇത് താഴ്വരയിലെ ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇക്കാരണത്താലാണ് കേന്ദ്രസർക്കാർ വളരെ വിപുലമായി ഈ പദ്ധതി വീണ്ടും നടപ്പിലാക്കുന്നത്. സർവ്വകക്ഷി യോഗ ചർച്ചകളിലൂടെയും താഴ്വരയിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്. എല്ലാ പദ്ധതികളുടെയും പ്രയോജനം ജനങ്ങൾക്ക് ലഭിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നു.സർവ്വകക്ഷിയോഗത്തിലും കേന്ദ്രസർക്കാർ മുന്നോട്ടുവെയ്‌ക്കുന്നത് ഈ ആശയമാണ്.