നിപ പ്രതിരോധം ; പാഴൂരിൽ നിയന്ത്രണം കർശനമാക്കി പൊലീസ്

നിപ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പാഴൂരിൽ നിയന്ത്രണം കർശനമാക്കി പൊലീസ് . ജില്ലയിലെ 16 ഇടങ്ങളിൽ പരിശോധന കർശനമാക്കിയെന്ന് മാവൂർ സി ഐ ട്വന്റിഫോറിനോട് പറഞ്ഞു. നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു.

ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8,10,12 എന്നീ വാർഡുകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തി. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരിൽ അതീവ ജാഗ്രത പുലർത്താൻ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിർദേശം നൽകി കഴിഞ്ഞു.


ഇതിനിടെ കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു.കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ് സംസ്കാര ചടങ്ങുകൾ ചെയ്തത്. അടക്കുന്നതിന് മുമ്പ് മയ്യത്ത് നമസ്കാരം നടത്തി.
Tags