തിരുവനന്തപുരം : കേരളത്തിന് ഇനി വരുന്ന ഒരാഴ്ച നിർണായകമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സംസ്ഥാനത്ത് ഇതുവരെ ഒരു നിപ്പ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോടുളള രണ്ട് പേരിൽ രോഗലക്ഷണങ്ങളുണ്ട്. മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവർത്തിക്കുന്ന രണ്ട് ആരോഗ്യപ്രവർത്തകരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. നിപ്പ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിക്കഴിഞ്ഞു. രോഗബാധിതനായ കുട്ടിയെ രണ്ട് സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തിയതായും ഇവരെ വിവരം അറിയിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലാണ്.
നിലവിൽ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 158 പേരെ കണ്ടെത്തിയതായും ഇവരിൽ 20 പേർ ഹൈ റിസ്‌ക് പട്ടികയിലാണെന്നും ആരോഗ്യന്ത്രി വ്യക്തമാക്കി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ വാർഡ് തയ്യാറാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ വാർഡിലേക്ക് വൈകുന്നേരത്തോടെ മാറ്റും. ഇവിടെയുള്ള കൊറോണ രോഗികളെ മാറ്റിപ്പാർപ്പിച്ചതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാൻ തീരുമാനമായതായും വീണ ജോർജ്ജ് അറിയിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്