ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ച് കോൺഗ്രസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അദ്ധ്യക്ഷനായ 11 അംഗ സമിതിയാണ് പാർട്ടി രൂപീകരിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ തയ്യാറാക്കാൻ വേണ്ടിയാണ് പ്രത്യേക സമിതി രൂപീകരിച്ചത് എന്ന് പാർട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
എകെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, ഗുലാം നബി ആസാദ്, മുകുൾ വാസ്നിക്, ഭൂപിന്ദർ സിംഗ് ഹൂഡ, കെ ആർ രമേഷ് കുമാർ എന്നിവരടങ്ങുന്നതാണ് സമിതി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനായി പൊതുപരിപാടികൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേരത്തെ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ ക്യാമ്പെയിനിന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളിലേയും കോൺഗ്രസ് കമ്മിറ്റികൾ രണ്ട് മിനിറ്റ് വീഡിയോ പുറത്തിറക്കുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു