കോവിഡ് വ്യാപനം ജനങ്ങളിൽ ലഹരിയുടെ ഉപയോഗം വര്‍ധിപ്പിച്ചെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് ലഹരിയുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായെന്ന് യുഎന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ കൂടുതലായി ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ലോകമെമ്പാടും ഏകദേശം 275 ദശലക്ഷം ആളുകള്‍ ലഹരി ഉപയോഗിക്കുന്നവരായി മാറി. 2010 ല്‍ നിന്ന് 22 ശതമാനമാണ് വര്‍ധയുണ്ടായതായി യുഎന്‍ഒഡിസിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ആളുകളുടെ ആരോഗ്യത്തിലും ഉപജീവനത്തിലും ലഹരിയുടെ സ്വാധീനം, ആഗോള മയക്കുമരുന്ന് വിപണികളുടെ അവലോകനവും എന്നിവ അടങ്ങിയ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗം നോര്‍ത്ത് അമേരിക്കയിലാണെന്ന് (14.5 ശതമാനം)യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈമി(യു.എന്‍.ഒ.ഡി.സി)ന്റെ 2021 ലെ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് (12.1) രണ്ടാമത്. വെസ്റ്റ് സെന്‍ട്രല്‍ ആഫ്രിക്ക (9.4) മൂന്നാമതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് കാലത്തും കഞ്ചാവ് ഉപയോഗം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യയിലെ 18 പേരില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് . 42 ശതമാനം കഞ്ചാവ് ഉപയോഗം വര്‍ധിച്ചുവെന്നാണ് 77 രാജ്യങ്ങളിലെ ആരോഗ്യരംഗത്തുള്ളവര്‍ പങ്കെടുത്ത സര്‍വേ പറയുന്നത്. 2010 2019 നും ഇടയില്‍ 22 ശതമാനം പേരുടെ വര്‍ധനയാണ് മയക്കുമരുന്ന് ഉപയോഗത്തിലുണ്ടായിട്ടുണ്ടെന്നും ഇതേ രീതിയിൽ ഉപയോഗിച്ചാല്‍ 2030 ഓടെ 11 ശതമാനം വര്‍ധനവുണ്ടാകുമെന്നുമാണ് നിഗമനം
Tags