കൊറോണ : രാജ്യത്ത് 42,766 പുതിയ രോഗികൾ; രോഗമുക്തി നിരക്കിലും വർദ്ധനവ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,766 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 29,682 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ രോഗവ്യാപനത്തിൽ കേന്ദ്രസർക്കാർ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 38,091 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,21,38,092 പേർ ഇതുവരെ രോഗമുക്തി നേടി. 4,10,048 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

അതിനിടെ രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി 66.89 കോടി ഡോസ് വാകിസ്ൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1.56 കോടി വാക്‌സിൻ ഉടൻ വിതരണം ചെയ്യും. നിലവിൽ 4.37 കോടി വാക്‌സിൻ സംസ്ഥാനങ്ങളിൽ സ്‌റ്റോക്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 308 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,40,533 ആയി.
Tags