പ്രതിഷേധം അവസാനിക്കാതെ ഹരിത; കാസര്‍കോടും വയനാടും രാജി

വയനാട്: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് വയനാടും കാസര്‍കോടും രാജി. ഹരിത വയനാട് ജില്ലാ പ്രസിഡൻ്റ് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസർകോട് ജില്ലാ പ്രസിഡന്‍റ് സാലിസ അബ്ദുല്ലയും ജനറൽ സെക്രട്ടറി ശർമ്മിളയും രാജിവെച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ ഇന്ന് പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിച്ചു. 



ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്. എന്നാല്‍ ഹരിത കമ്മിറ്റി പുനസംഘടനയില്‍ എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ഫാത്തിമ തെഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചു.
Tags