കൊച്ചിയിലെ വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷപെടുത്തി നാവിക സേന

കൊച്ചി: വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച 26കാരിയെ രക്ഷപെടുത്തി നാവിക സേന. പാലത്തിൽ നിന്നും ചാടിയ ആലപ്പുഴ സ്വദേശിയായ യുവതിയെയാണ് സമയോചിതമായ ഇടപെടലിലൂടെ നാവിക സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

യുവതി ചാടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാവിക സേനാ ഉദ്യോഗസ്ഥനായ ആനന്ദ് കുമാറും പ്രദേശവാസിയായ രാജേഷും യുവതിയെ രക്ഷിക്കാനായി കൂടെ ചാടുകയായിരുന്നു. തുടർന്ന് കായലിൽ പട്രോളിങ്ങിലായിരുന്ന നാവികസേനയുടെ ബോട്ടിൽ യുവതിയെ രക്ഷപെടുത്തി കരയിലെത്തിച്ചു.

നാവിക സേനാ ആശുപത്രിയായ ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം യുവതിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വിവരം സിവിൽ പോലീസിനെ അറിയിച്ചിട്ടുണ്ട്. യുവതിയുടേയും രക്ഷാപ്രവർത്തകരുടേയും ആരോഗ്യം തൃപ്തികരമാണെന്ന് നാവിക സേന അറിയിച്ചു.

Tags