കോഴിക്കോട്: കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിട്ട് സി പി എമ്മിൽ ചേർന്ന കെ പി അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വമ്പൻ സ്വീകരണം ഒരുക്കി സി പി എം പ്രവർത്തകർ. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പി മോഹനന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കെ പി മോഹനനെ കൂടാതെ ജില്ലയിലെ പ്രമുഖ സി പി എം നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കുന്നതിന് റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി.
റെയിൽവേ സ്റ്റേഷനിലെ സ്വീകരണത്തിനു ശേഷം രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് അനിൽകുമാറിന് സി പി എം സ്വീകരണം നൽകി. തുടർന്നു നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അനിൽകുമാർ ഉയർത്തിയത്. അച്ചടക്കത്തെ കുറിച്ച് തന്നോട് പറയാൻ കെ മുരളീധരന് ഒരു അർഹതയുമില്ലെന്ന് അനിൽകുമാർ തുറന്നടിച്ചു. സോണിയാ ഗാന്ധിയെ മദാമ എന്ന് വിളിച്ച, അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേൽ എന്ന് വിളിച്ച ആൾക്ക് അച്ചടക്കത്തകുറിച്ച് പറയാൻ എന്ത് അർഹതയാണുള്ളതെന്നും താൻ ഇപ്പോൾ കോൺഗ്രസുകാരനല്ലെന്നും കേഡർ പാർട്ടിയുടെ അച്ചടക്കം താനും ശീലിച്ചു വരികയാണെന്നും അനിൽകുമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ കോൺഗ്രസിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമായാണ് അനിൽകുമാറിന്റെ പാർട്ടി പ്രവേശനത്തെ സി പി എം കാണുന്നത്. അതിനാൽ തന്നെ ഏതു വിധേനയും ഇത് പരമാവധി ആളുകളിൽ എത്തിക്കുവാനാണ് പാർട്ടി അണികൾക്കു നൽകിയിരിക്കുന്ന നിർദേശമെന്നാണ് അറിയാൻ സാധിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഇതിനോടകം അനിൽകുമാർ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന പത്രസമ്മേളനത്തിലും തുടർന്നുള്ള ദിവസങ്ങളിലും കോൺഗ്രസിനെതിരെയുള്ള ആക്രമണം അനിൽകുമാറിനെ ഉപയോഗിച്ച് ശക്തിപ്പെടുത്താനാണ് പാർട്ടി തീരുമാനം.