മോഷണത്തിനായി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ: നിഷാദലി പിടിയിലായത് രണ്ടു മാസത്തിന് ശേഷം

മലപ്പുറം: കടബാധ്യത തീർക്കാൻ ആഭരണങ്ങൾ തട്ടിയെടുക്കുന്നതിനായി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുട്ടത്ത് ആയിഷ കൊലപാതക കേസിലാണ് പ്രതി മമ്പാട് സ്വദേശിയായ നിഷാദലി അറസ്റ്റിലായത്. ലക്ഷങ്ങൾ കടബാധ്യതയുള്ള നിഷാദലി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ കേസിൽ നിഷാദലിയുടെ പങ്കിനെക്കുറിച്ച് നിർണ്ണയ വിവരം ലഭിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ജൂലൈ 16നാണ് പ്രതി ആയിഷയെ കൊലപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുക്കുന്നത്. ഭാര്യയുടെ മുത്തശ്ശിയുടെ മരണ വാർത്ത ഇയാളെ ബന്ധുക്കൾ അറിയിച്ചിരുന്നു. എന്നാൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ നിഷാദലി സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഖബറക്കത്തിന് ശേഷവും സംശയാസ്പദമായ സ്വഭാവ വ്യത്യാസങ്ങളൊന്നും ഇയാൾ പ്രകടിപ്പിച്ചിരുന്നില്ല. നൂറു കണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.

മണി ചെയിൻ ഇടപാടുകളിലൂടെ ലക്ഷങ്ങളുടെ നഷ്ടം നേരിട്ട നിഷാദലി സഹപ്രവർത്തകർക്കും നാട്ടുകാർക്കുമായി വലിയ തുകകൾ നൽകാനുണ്ട്. ഇതിനിടെ മമ്പാട് ഹൈസ്കൂളിൽ നിന്ന് 80,000 രൂപയും സിസിടിവികളും മോഷ്ടിച്ചത് നിഷാദലി തന്നെയാണെന്നും പോലീസ് കണ്ടെത്തി. ഇയാൾ കവർച്ച പതിവാക്കിയിരുന്നതായാണ് പോലീസിന്റെ നിഗമനം.
Tags