അച്ചടക്ക ലംഘനം; ഹരിത മുൻ ഭാരവാഹികളെ പിന്തുണച്ച എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിനെ നീക്കി

മലപ്പുറം: ഹരിത മുൻ ഭാരവാഹികളെ പിന്തുണച്ച എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി പി ഷൈജലിനെ സ്ഥാനത്ത് നിന്ന് നീക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളിൽ ഒരാളാണ് ഷൈജൽ.

ഹരിതയിലെ പുതിയ ഭാരവാഹികളെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചത് എംഎസ്എഫ് നേതാക്കളുമായി കൂടിയാലോചന നടത്താതെയാണെന്ന് ഷൈജൽ ആരോപിച്ചിരുന്നു. ഹരിത മുൻ സംസ്ഥാന ഭാരവാഹികൾക്ക് നീതി ലഭിച്ചില്ലെന്നും പ്രശ്നത്തിൽ ലീഗിൽ രണ്ടഭിപ്രായമുണ്ടെന്നും ഷൈജൽ വ്യക്തമാക്കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ലീഗിൽ ഇല്ല. അതുള്ളവരെ വേട്ടയാടുകയാണ്. പരാതിക്കാർക്ക് പിന്തുണ നൽകിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ആരോപണ വിധേയർ ഗൂഢാലോചന നടത്തുകയാണെന്നും ഷൈജൽ ആരോപിച്ചിരുന്നു. ഹരിത വിഷയത്തിൽ താൻ സത്യത്തിനൊപ്പമാണ്. അഭിപ്രായം പറയുന്നവരെ ടാർഗറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളതെന്നും ഷൈജൽ പറഞ്ഞിരുന്നു.
Tags