ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ലഭിച്ച സമ്മാനങ്ങളും പുരസ്‌കാരങ്ങളും കേന്ദ്രസാംസ്‌കാരിക മന്ത്രാലയം ലേലം ചെയ്യുന്നു. ഓൺലൈനായി സംഘടിപ്പിക്കുന്ന ലേലത്തിൽ https:pmmementos.gov.in എന്ന സൈറ്റിലൂടെ വ്യക്തികൾക്കും സംഘടനകൾക്കും പങ്കെടുക്കാം. നാളെ മുതൽ ഒക്ടോബർ ഏഴ് വരെയാണ് ലേലം നടക്കുക.
ഈ തീയതികൾക്കിടയിൽ എപ്പോൾ വേണമെങ്കിലും ലേലത്തിൽ പങ്കെടുക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള കർമ്മ പദ്ധതി നമാമി ഗംഗാ മിഷന്റെ നിധി സമാഹരണത്തിന്റെ ഭാഗമായാണ് ലേലം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മെഡലുകൾ നേടിയ ഒളിമ്പ്യൻമാരുടെയും പാരാലിമ്പിക്‌സ് താരങ്ങളുടെയും സ്‌പോർട്‌സ് ഗിയറും ഉപകരണങ്ങളും, അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിരൂപം, ചാർധാം, രുദ്രാക്ഷ കൺവെൻഷൻ സെൻറർ, ശിൽപങ്ങൾ, പെയിന്റിങ്ങുകൾ, അംഗവസ്ത്രങ്ങൾ എന്നിവയടക്കമാണ് ലേലം ചെയ്യുന്നത്. കഴിഞ്ഞ വർഷവും പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു. 3.40 കോടി രൂപയാണ് അന്ന് ലഭിച്ചത്.