അഹമ്മദാബാദ് : പാകിസ്താൻ ബോട്ടും , 12 ജീവനക്കാരും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പിടിയിൽ . നിരീക്ഷണ ദൗത്യത്തിനിടെയാണ് ‘ അള്ളാ പാവക്കൽ ‘ എന്ന പാക് ബോട്ട് രാജരഥൻ എന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പിലുള്ള സംഘത്തിന്റെ പിടിയിലായത് .സെപ്റ്റംബർ 14 -ന് രാത്രിയിലാണ് ഗുജറാത്ത് തീരത്ത് പാകിസ്താൻ ബോട്ട് എത്തിയത് .
തീരസംരക്ഷണ കപ്പലിലെ കമാൻഡന്റ് ഗൗരവ് ശർമ്മയാണ് മത്സ്യബന്ധന ബോട്ട് തടഞ്ഞത് . തുടർന്ന് ഉദ്യോഗസ്ഥരുമായി ബോട്ടിൽ കയറി . കൂടുതൽ അന്വേഷണത്തിനായി ബോട്ട് ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖയിലേക്ക് കൊണ്ടുവന്നതായി പിആർഒ ഡിഫൻസ് ഗുജറാത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
പാകിസ്താൻ ബോട്ട് തടയുന്നതിന് ഒരു ദിവസം മുൻപ് ഇന്ത്യൻ തീരസംരക്ഷണ സേന ദിയുവിലെ വനക് ബാര തീരത്ത് ഒറ്റപ്പെട്ടു പോയ ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചിരുന്നു . സെപ്റ്റംബർ 13 ന് രാത്രി ദിയു അഡ്മിനിസ്ട്രേഷനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രക്ഷാ ദൗത്യം . പോർബന്തറിൽ നിന്ന് തദ്ദേശീയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ വിന്യസിച്ചായിരുന്നു തീരസംരക്ഷണ സേന ഒറ്റപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്.