അസമിലെ ദേശീയോദ്യാനം ഇനി ഒറാംഗ് നാഷണൽ പാർക്ക് ; രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാൻ തീരുമാനിച്ച് ഹിമന്ത സർക്കാർ

ഗുവാഹത്തി ; രാജീവ്ഗാന്ധി ഒറാംഗ് നാഷണൽ പാർക്കിന്റെ പേരിൽ നിന്ന് രാജീവ് ഗാന്ധി എന്ന പേര് നീക്കം ചെയ്യാൻ തീരുമാനിച്ച് അസം മന്ത്രിസഭ . മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായുള്ള ചർച്ചയ്‌ക്കിടെ ആദിവാസി, ഗോത്ര സമുദായത്തിലെ പ്രമുഖർ പാർക്കിന്റെ പേരിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു . ഇതിന്മേലാണ് സർക്കാർ നടപടി എടുത്തിരിക്കുന്നതെന്ന് പാർലമെന്ററി കാര്യ മന്ത്രി പിജുഷ് ഹസാരിക പറഞ്ഞു.

ഒറാംഗ് എന്ന പേര് ആദിവാസി, ഗോത്ര സമൂഹത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, രാജീവ് ഗാന്ധി ഒറാംഗ് ദേശീയോദ്യാനത്തിന്റെ പേര് ഓറംഗ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു, മന്ത്രി വ്യക്തമാക്കി.

ബ്രഹ്മപുത്രയുടെ വടക്കേ തീരത്ത് 78.80 ചതുരശ്ര കി.മീറ്ററിൽ പരന്ന് കിടക്കുന്നതാണ് ഒറാംഗ് ദേശീയോദ്യാനം . 1985 ൽ വന്യജീവി സങ്കേതമായി തുടങ്ങിയ ഒറാംഗ് 1999 ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയായിരുന്നു. 2005 ഓഗസ്റ്റിൽ, തരുൺ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രാദേശിക എതിർപ്പുകൾ അവഗണിച്ചാണ് ഒറാംഗ് ദേശീയോദ്യാനത്തിന് രാജീവ് ഗാന്ധിയുടെ പേര് നൽകിയത്.

ജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഒറാവോൻ ജനതയുടെ പേരിലാണ് ദേശീയോദ്യാനത്തിന് ഈ പേര് നൽകിയിരിക്കുന്നത്. അസമിലെ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന അനേകം ഗോത്രങ്ങളിൽ ഒന്നായിരുന്നു ഒറാവോൻ .

ഇപ്പോൾ പാർക്ക് സ്ഥിതിചെയ്യുന്ന പ്രദേശത്തിന് സമീപം ഒറാവോൺ ഗോത്രത്തിൽ നിന്നുള്ള ധാരാളം ആളുകൾ താമസമാക്കിയതോടെ ഈ പ്രദേശത്തിനും ആ പേര് ലഭിച്ചു. 2011 ലെ സെൻസസ് അനുസരിച്ച്, അസമിൽ 73,437 ഒറാവോൺ വിഭാഗക്കാരാണുള്ളത് .
Tags