കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗലക്ഷണം. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്ക് അയയ്ക്കും.
രോഗലക്ഷണം പ്രകടപ്പിച്ച രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യപ്രവര്‍ത്തകരോ അല്ലെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത് 158 പേരാണ്. ഇവരില്‍ 20 പേര്‍ക്കാണ് അടുത്ത സമ്പര്‍ക്കമുള്ളത്. ഇതില്‍ രണ്ട് പേര്‍ക്കാണ് രോഗലക്ഷമുള്ളതെന്നാണ് സൂചന.
നിപ പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ലാന്‍ തയാറായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്ക പട്ടിക തയാറാക്കി പ്രതിരോധം ശക്തമാക്കും. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ പനി കുറയാത്തതിനെ തുടര്‍ന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം.