അശ്ലീല ചാറ്റിംഗ്; പരാതി നൽകിയതിന് ഭീഷണിപ്പെടുത്തി; ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ കേസ്

കാസർകോഡ് : മേൽപ്പറമ്പിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ കേസ്. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകനായ ഉസ്മാനെതിരെയാണ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്. ഇയാൾ പെൺകുട്ടിയുമായി അശ്ലീല ചുവയുള്ള ചാറ്റ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അദ്ധ്യാപകൻ ഒളിവിലാണ്.

ദേളിയിലെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിൽ ഉസ്മാന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ചാറ്റിംഗിലൂടെ അദ്ധ്യാപകൻ പിന്തുടരുകയായിരുന്നു. കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇത് മനസിലായത്. ഇത് സംബന്ധിച്ച വിവരം സ്‌കൂൾ പ്രിൻസിപ്പാളിനും കൈമാറിയിട്ടുണ്ട്.

കുട്ടി ആത്മഹത്യ ചെയ്ത രാത്രിയും അദ്ധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് മാനസികമായി തകർന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടിയോട് ആത്മഹത്യ ചെയ്യാൻ അദ്ധ്യപകൻ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഉസ്മാനെതിരെ പോക്‌സോയും ബാലനീതി വകുപ്പും ചുമത്തി മേൽപ്പറമ്പ് പോലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അതേസമയം ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് സൂചന. പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags