പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന് ജലീലിനോട് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കെ.ടി. ജലീൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് (ഇഡി) മൊഴികൊടുക്കാൻ പോകുന്നതിനു മുൻപ് ക്ലിഫ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജലീൽ ഔദ്യോഗിക വസതിയിലെത്തിയതെന്ന് അറിയുന്നു. ഇന്ന് വൈകുന്നേരം 4 മണിക്കു കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകുമെന്നാണ് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നത്.

സഹകരണബാങ്കില്‍ ഇഡി അന്വേഷണം എന്ന ആവശ്യം പാര്‍ട്ടി വിരുദ്ധമെന്നു മുഖ്യമന്ത്രി അറിയിച്ചു. പ്രസ്താവനകളില്‍ ജാഗ്രത വേണം. എന്നാൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി.ജലീല്‍ അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങൾ സംസാരിച്ചതായി കെ.ടി. ജലീൽ സമൂഹമാധ്യമത്തിൽ കുറിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും.

2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. എആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരുമെന്നും ജലീൽ പോസ്റ്റിൽ വ്യക്തമാക്കി.

മലപ്പുറം എആർ നഗർ ബാങ്കിലെ ക്രമക്കേടുകൾ ഇഡി അന്വേഷിക്കണമെന്ന കെ.ടി. ജലീലിന്റെ നിലപാടിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. സഹകരണ ബാങ്കുകളുടെ കാര്യം പരിശോധിക്കേണ്ടത് ഇഡിയല്ല, സംസ്ഥാന സർക്കാർ ആണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വ്യക്തി വിരോധം തീർക്കാൻ സർക്കാരിനെ കിട്ടില്ലെന്നു വ്യക്തമാക്കി സഹകരണ മന്ത്രി വി.എൻ. വാസവനും ജലീലിനെ തള്ളിയിരുന്നു.
Tags