തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിന് 800 കോടിയുടെ വരുമാന നഷ്ടം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാരിനോട് ബോർഡ് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാനാണ് സാധ്യത.
രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റതിന് പിന്നാലെ 100 കോടി രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനോട് ധനസഹായം ആയി ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ അനുവദിച്ചത് ആകട്ടെ 10 കോടി മാത്രമാണ്. കൊറോണ പ്രതിസന്ധിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 800 കോടിയുടെ വരുമാന നഷ്ടം സംഭവിച്ചതായി ആണ് കണക്ക്. ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ശബരിമലയിൽ മാത്രം 600 കോടി രൂപ വരുമാന നഷ്ടം സംഭവിച്ചു. മറ്റ് ക്ഷേത്രങ്ങളിൽ 200 കോടിയുടെ നഷ്ടവും വരുമാന ഇനത്തിൽ ഉണ്ടായതായി ആണ് കണക്ക്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ശബരിമലയിൽ മാസ പൂജയ്‌ക്ക് പ്രതിദിനം 15000 പേർക്ക് അനുമതി ഉണ്ടെങ്കിലും പകുതി ആളുകൾ മാത്രമാണ് എത്തുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളിലെ ഉപയോഗ ശൂന്യമായ പാത്രങ്ങളും വിളക്കുകളും അടക്കം ബോർഡ് ലേലത്തിൽ വിൾക്കാനും തീരുമാനിച്ചിരുന്നു. ഇനിയും ഈ സ്ഥിതി തുടരുകയാണെങ്കിൽ ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന അവസ്ഥയിലേക്ക് ദേവസ്വം ബോർഡ് എത്തും. ശമ്പളവും മറ്റ് ചിലവുകൾക്കും മാത്രം ഏകദേശം 50 കോടി രൂപ പ്രതിമാസം ആവശ്യമായി വരും. മരാമത്ത് പ്രവർത്തികൾക്ക് ഉള്ള ചിലവ് വേറെയും. പ്രതിസന്ധിയെ തുടർന്ന് ബോർഡിന്റെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ച അവസ്ഥയിൽ ആണ്. എന്നാൽ ഇതുവരെയും ശമ്പളവും പെൻഷനും മുടങ്ങിയിട്ടില്ല. സാമ്പത്തിക സഹായം നൽകി സർക്കാർ സഹായിച്ചില്ലെങ്കിൽ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങാൻ ആണ് സാധ്യത.