കൊച്ചി : മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഇടുക്കി ചേലച്ചുവട് പുത്തന്‍ പുരക്കല്‍ മഞ്ജുഷ (28) കാമുകൻ കീരിത്തോട് പകുതിപാലം കപ്യാരുകുന്നില്‍ സുനീഷ് (28), കട്ടപ്പന കാട്ടുകുടി സുഭാഷ് (44), അടിമാലി കാംകോ ജംഗ്ഷനില്‍ ഷിജു (46) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
32 ഗ്രാമോളം വരുന്ന ആഭരണങ്ങളാണ് 92000 രൂപയ്‌ക്ക് അടിമാലി യൂണിയന്‍ ബാങ്കിൽ പണയം വച്ചിരുന്നത് . എന്നാൽ കഴിഞ്ഞ മാസം 23 ന് ബാങ്ക് അധികൃതർ ഈ ആഭരണങ്ങൾ വീണ്ടും പരിശോധിച്ചതോടെയാണ് ഇത് സ്വർണ്ണമല്ല , മുക്കുപണ്ടങ്ങളാണെന്ന് മനസ്സിലായത് . തുടർന്ന് ആഭരണങ്ങൾ തിരിച്ചെടുത്ത് പണം മടക്കി അടക്കണമെന്ന് ബാങ്ക് അധികൃതർ മഞ്ജുഷയോട് ആവശ്യപ്പെട്ടു .
എന്നാല്‍ മഞ്ജുഷ ബാങ്കിലെത്തിയില്ല. ഇതോടെ ബാങ്ക് അധികൃതർ പോലീസില്‍ പരാതി നല്‍കി. ആഗസ്റ്റ് 28 ന് പോലീസ് മഞ്ജുഷയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കാമുകനായ സുനീഷാണ് തനിക്ക് സ്വര്‍ണ്ണം നല്‍കിയതെന്നാണ് മഞ്ജുഷ പറഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനീഷിനെ പോലീസ് പിടികൂടിയത് . ഇയാളെ ചോദ്യം ചെയ്തതോടെ മുക്കുപണ്ടം 916 ഹാൾമാര്‍ക്കോടെ നിർമിച്ച് നല്‍കിയത് സുഭാഷ് ആണെന്ന് വ്യക്തമായി . യഥാർത്ഥ സ്വർണ്ണത്തെയും വെല്ലുന്ന രീതിയിൽ ഒര്‍ജിനല്‍ സ്വര്‍ണ്ണം പോലെയുളള മുക്കുപണ്ടങ്ങളാണ് ഇയാള്‍ നിര്‍മ്മിച്ച് നല്‍കിയത്. വിശദമായ അന്വേഷണത്തിൽ ഷിജുവിനും തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമായി .
യൂണിയന്‍ ബാങ്കിന്റെ അടിമാലി ശാഖയില്‍ നിന്ന് മുക്കുപണ്ടം വെച്ച് 2.5 ലക്ഷം രൂപാണ് ഇയാൾ വാങ്ങിയിരുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു . മറ്റ് ബാങ്കുകളിലും പ്രതികൾ സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട് . ഇവർക്കൊപ്പം നിരവധി ഏജന്റുമാരും ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട് .