കൊച്ചി: ഇറ്റാലിയൻ നാവികർ പ്രതികളായ കടൽക്കൊല കേസിന് പിന്നാലെ ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളിയായ മകന് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. ബോട്ടുടമ നഷ്ടപരിഹാരത്തിനായി തന്റെ മകന്റെ പേര് നിർദ്ദേശിച്ചില്ലെന്ന് ഹർജിയിൽ അമ്മ പറഞ്ഞു. സംഭവത്തിൽ മാനസികനില തെറ്റിയ മകന് ചികിത്സ ലഭിച്ചില്ല. പിന്നീട് മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടി.
2012ൽ ഇറ്റാലിയൻ നാവികരുടെ വേടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിലാണ് ഹൈക്കോടതിയിൽ പുതിയ നഷ്ടപരിഹാര ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട സെന്റ് ആന്റണി ബോട്ടിലെ മത്സ്യത്തൊഴിലാളിയായിരുന്നു തന്റെ മകനെന്ന് ഹർജിക്കാരി പറയുന്നു.
വെടിവെയ്പ്പിന്റെ ആഘാതത്തിലാണ് മകൻ മരിച്ചതെന്നും അർഹമായ നഷ്ടപരിഹാരത്തിനായി ഇറ്റാലിയൻ അധികൃതർക്ക് പേര് കൈമാറണമെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. രണ്ടാഴ്‌ച്ചയ്‌ക്കകം കേസ് വീണ്ടും പരിഗണിക്കും. അമ്മയുടെ ഹർജിയിൽ കോടതി കേന്ദ്രസർക്കാരിനോട് വിവരങ്ങൾ തേടിയിട്ടുണ്ട്.
കടൽക്കൊലക്കേസിൽ പത്ത് കോടി രൂപയാണ് ഇറ്റലി നഷ്ടപരിഹാരമായി നൽകിയിട്ടുള്ളത്. ഇതിൽ നാല് കോടി വീതം വെടിവെപ്പിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് കൈമാറാനാണ് സുപ്രീം കോടതി വിധി. എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പത്ത് മത്സ്യത്തൊഴിലാളികൾ കോടതിയെ സമീപിച്ചതോടെ ഈ തുക വിതരണം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.