സിപിഐ എക്‌സിക്യുട്ടിവ് യോഗം ഇന്ന്; ആനി രാജയുടെ പരാമര്‍ശം ചര്‍ച്ചയായേക്കും

സംസ്ഥാന പൊലീസിന് നേരെ സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന വിവാദമായതിനിടെ സിപിഐയുടെ ദേശീയ എക്‌സിക്യുട്ടിവ് യോഗം ഇന്ന് ഡല്‍ഹി അജോയ് ഭവനില്‍ ചേരും. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാതെയാണ് ആനി രാജ പ്രസ്താവന നടത്തിയതെന്ന ആക്ഷേപം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഉന്നയിക്കും. ആനി രാജയ്‌ക്കെതിരെ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് കത്തയച്ചിരുന്നു. ആനി രാജയുടെ ഘടകമെന്ന നിലയില്‍ ഇക്കാര്യത്തില്‍ ദേശീയ എക്‌സിക്യുട്ടിവില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയും സമയക്രമവും ഇന്നത്തെ യോഗം തീരുമാനിക്കും.

കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പാര്‍ട്ടി കോണ്‍ഗ്രസ് വൈകാനാണ് സാധ്യത. ഹൈദരാബാദ് വേദിയാക്കണമെന്ന ശുപാര്‍ശയാണ് നിലവിലുള്ളത്. കേരള, ബംഗാള്‍ തെരഞ്ഞെടുപ്പുകളുടെ അവലോകനവും രണ്ടുദിവസത്തെ എക്‌സിക്യുട്ടിവില്‍ നടക്കും. കൊവിഡിന് ശേഷം ഓണ്‍ലൈന്‍ അല്ലാതെ ആദ്യമായാണ് സിപിഐ എക്‌സിക്യുട്ടിവ് ചേരുന്നത്. രാവിലെ പതിനൊന്നുമണിക്ക് യോഗം ആരംഭിക്കും.

ആര്‍എസ്എസ് ഗ്യാങ് കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെനന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല എന്നും ആനി രാജ പറഞ്ഞു.
Tags