സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ക്ലാസുകൾ പുന:രാരംഭിച്ചിട്ടും കുടകിൽ കൊറോണ പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാൽ ക്ലാസുകൾ ആരംഭിച്ചില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണ നിരക്ക് 2%ൽ താഴെയായിരുന്നതിനാൽ എല്ലാ ഹൈസ്‌കൂളുകൾ, ടെക്‌നിക്കൽ, ഡിപ്ലോമ കോളേജുകൾ,ഡിഗ്രി കോളേജുകൾ, ബിരുദാനന്തര കോളേജുകൾ എന്നിവ തുറക്കാൻ കുടകിലെ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ പരിസരം ശുചീകരിക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ചാരുലത സോമൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപക, അനധ്യാപക ജീവനക്കാർ നിർബന്ധമായും കൊറോണ വാക്‌സിനേഷന്റെ ആദ്യ ഡോസ് എങ്കിലും എടുത്തിരിക്കണമെന്നും ഉത്തരവിൽ അറിയിച്ചു.
ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ വിദ്യാർത്ഥികളും ഒരു ഡോസ് വാക്‌സിനേഷൻ എങ്കിലും സ്വീകരിച്ചിരിക്കണം. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകണം. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഭരണകൂടം വ്യക്തമാക്കി.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും ഒരു മുറി ഐസൊലേഷനായി
നീക്കിവെക്കണമെന്നും ഉത്തരവിൽ പറഞ്ഞു.ഗ്രാമീണമേഖലയിലെ കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടികൾ കൈക്കൊള്ളണമെന്നും അറിയിച്ചു.
ജില്ലയിൽ 45 സർക്കാർ സ്‌കൂളുകളും 47 എയ്ഡഡ് സ്‌കൂളുകളും 77 അൺ എയ്ഡഡ് സ്‌കൂളുകളുമുണ്ടെന്ന് ഡിഡിപിഐ ശ്രീധർ പറഞ്ഞു. ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഇപ്പോൾ ആരംഭിക്കില്ല. സാഹചര്യം അവലോകനം ചെയ്ത ശേഷം ഈ ക്ലാസുകൾ പുനരാരംഭിക്കും.
ജില്ലയിൽ ഒൻപത്, 10 ക്ലാസുകളിലായി 15,000 വിദ്യാർത്ഥികളാണ് ഉളളത്. നിലവിൽ ക്ലാസുകൾ പകുതി സമയം നടത്താനാണ് തീരുമാനം. ജില്ലയിൽ വിദ്യാർത്ഥികൾ കുറവായതിനാൽ ബാച്ചുകൾ രൂപീകരിച്ചിട്ടില്ല. ബാച്ചുകൾ രൂപീകരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതത് സ്‌കൂളുകളിലെ പ്രധാന അധ്യാപകർക്ക്
തീരുമാനമെടുക്കാം. എല്ലാ മുൻകരുതലുകളും പാലിക്കാൻ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിഡിപിഐ പറഞ്ഞു