മന്ത്രിമാർ ക്ലാസുകളിലേക്ക്; ഭരണ കാര്യങ്ങളിൽ മന്ത്രിമാർക്ക് പരിശീലനം നൽകാൻ മന്ത്രിസഭ തീരുമാനം

ഭരണ കാര്യങ്ങളിൽ മന്ത്രിമാർക്ക് പരിശീലനം നൽകാൻ മന്ത്രിസഭ തീരുമാനം. ഭരണ സംബന്ധമായ വിവിധ വിഷയങ്ങളിലാണ് ക്ലാസ്. ക്ലാസ് ഓരോ മണിക്കൂർ വീതം തിരുവനന്തപുരം ഐഎംജിയിൽ വെച്ച് നടക്കും. പൊതുഭരണവകുപ്പ് പരിശീലനം സംബന്ധിച്ച് ഉത്തരവിറക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സമാനരീതിയിൽ മന്ത്രിമാർക്ക് ഐഐഎമ്മിൽ പരിശീലനം നൽകിയിരുന്നു.

ഭരണത്തെ ശരിയായ ദിശയിലാക്കാന്‍ ഇനി പരിശീലനവും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലെ പരിശീലനം. ഭരണപരിചയം കുറഞ്ഞ മന്ത്രിമാര്‍ക്ക് വേണ്ടത്ര മികവ് കാട്ടാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവര്‍ണ്‍മെന്റ്(ഐഎംജി)യാണ് പരിശീലനം നല്‍കുന്നത്. ഈ മാസം 20,21,22 എന്നിങ്ങനെ മൂന്ന് ദിവസമാണ് പരിശീലനം. രാവിലെ 9.30മുതല്‍ 1.30 വരെയാകും ക്ലാസ്. മുന്‍ മന്ത്രിമാര്‍ അടക്കം ക്ലാസില്‍ അദ്ധ്യാപകരായി എത്തും.

കൊവിഡിലും സാമ്പത്തികത്തിലും തിരിച്ചടിയുണ്ടായി എന്നാണ് വിലയിരുത്തല്‍. ഭരണം ശരിയായ ദിശയിലാക്കാനാണ് ക്ലാസുമായി പിണറായി വിജയന്‍ രംഗത്തു വരുന്നതെന്നാണ് വിലയിരുത്തല്‍.

മന്ത്രിസഭാ അംഗങ്ങള്‍ക്ക് ഭരണ സംബന്ധിയായ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കാനാണ് ക്ലാസെന്ന് സര്‍ക്കാര്‍ ഉത്തരവിലും വ്യക്തമാണ്. എല്ലാ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കും. ഈ മാസം 30നാണ് ഇതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് ഐഎംജി സമര്‍പ്പിച്ചത്. അത് അതിവേഗം അംഗീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇതെന്ന് സൂചനയുണ്ട്.

ഐഎംജിയിലെ ക്ലാസുകള്‍ക്ക് ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്നവരാണ് എത്തുക. മുന്മന്ത്രി തോമസ് ഐസക്കും ശൈലജ ടീച്ചറും അദ്ധ്യാപകരാകുമെന്നും സൂചനയുണ്ട്.
Tags