കൊറോണ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു; മികച്ചത് ഉത്തർപ്രദേശ് ; യോഗി മോഡലിനെ പ്രശംസിച്ച് സാബു ജേക്കബ്

കൊച്ചി : കൊറോണ പ്രതിരോധത്തിൽ കേരളം പൂർണമായും പരാജയപ്പെട്ടുവെന്ന് കിറ്റക്‌സ് എംഡി സാബു ജോർജ്ജ്. കൊറോണ മഹാമാരി നിയന്ത്രണാതീതമാക്കിയ യോഗി സർക്കാരിനെ പ്രശംസിച്ചുകൊണ്ടാണ് സാബു ജേക്കബ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള സർക്കാർ അനാവശ്യമായി ലോക്ഡൗൺ ഏർപ്പെടുത്തുകയാണെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പങ്കെടുത്ത ഒരു ചാനൽ പരിപാടിയിലാണ് സാബു ജേക്കബ് ഇക്കാര്യം അറിയിച്ചത്.

കേരള സർക്കാരിന്റെ കൊറോണ നയം ശരിയല്ല. സർക്കാർ അനാവശ്യമായി ലോക്ഡൗൺ ഏർപ്പെടുത്തുകയും പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുയുമാണ് ചെയ്യുന്നത്. വാക്‌സിൻ ഉപയോഗിച്ച് മാത്രമാണ് കൊറോണയെ പ്രതിരോധിക്കാൻ സാധിക്കുക. എന്നാൽ കേരള സർക്കാർ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് രോഗത്തെ പ്രതിരോധിക്കുന്നത് എന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി.

നിലവിൽ സർക്കാർ എവിടെയൊക്കെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ജനങ്ങൾക്ക് പോലും അറിയില്ല. കേരളത്തിൽ സർക്കാർ സംവിധാനം പൂർണമായും പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ആത്മാർത്ഥത ഇല്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.

നിലവിൽ കിറ്റക്‌സിലെ 700 ൽ അധികം തൊഴിലാളികളും യുപിയിൽ നിന്നുള്ളവരാണ്. എന്നാൽ ഇതിൽ എടുത്തുപറയേണ്ട കാര്യം നാട്ടിൽ പോയി മടങ്ങിയെത്തുന്ന തൊഴിലാളികളിൽ 50 പേരെ പരിശോധിക്കുമ്പോൾ ഒരാളിൽ പോലും കൊറോണ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ്. എന്നാൽ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. 50 പേരെ പരിശോധിച്ചാൽ അതിൽ 25 പേരും രോഗ ബാധിതരായിരിക്കും എന്ന് സാബു ജേക്കബ് പറഞ്ഞു. കൊറോണയ്‌ക്കെതിരായി യുപി സർക്കാർ സ്വീകരിച്ച പ്രതിരോധ നടപടികൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ് യുപി. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടാണ് സംസ്ഥാനം ഇത്തരത്തിൽ ഒരു നേട്ടം സ്വന്തമാക്കിയത്. വൈകാതെ തന്നെ ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാബു ജേക്കബിനെ യുപിയിലേക്ക് സ്വാഗതം ചെയ്തു. യുപിയിലെ എല്ലാ പൗരന്മാരുടെ സുരക്ഷയുടെയും ഉത്തരവാദിത്തം സർക്കാരിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags