തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി. അജിതാ തങ്കപ്പൻ നൽകിയ ഹർജിയിലാണ് നടപടി. ഔദ്യോഗിക കൃത്യനിർവഹണത്തിനാവശ്യമായ സംരക്ഷണമൊരുക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.
എന്നാൽ നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയില്ലെന് സർക്കാർ അറിയിച്ചു. ഹർജിയിൽ വിശദീകരണം അറിയിക്കാൻ സർക്കാരിനോ ട് കോടതി നിർദേശിച്ചു.
പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്. കൂടാതെ പ്രതിപക്ഷ കൗൺസിലർമാർ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പൻ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിച്ചത്. പണക്കിഴി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് നഗരസഭാധ്യക്ഷ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി 16 ന് വീണ്ടും പരിഗണിക്കും.