കണ്ണൂർ: കോഴിക്കോട് ജില്ലയിൽ 12 വയസ്സുകാരന്‍ നിപ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ അയല്‍ ജില്ലയായ കണ്ണൂരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഡിഎംഒ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ഡിഎംഒ ചേമ്പറില്‍ ചേര്‍ന്ന ഉന്നത തല യോഗം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറക്കും.
രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ കീഴ്സ്ഥാപനമേധാവികള്‍ക്കും നിര്‍ദേശം നല്‍കി. ഇതിനുവേണ്ടി എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കും. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ 0497 2709494 എന്ന നമ്പറില്‍ ബന്ധപ്പെടാം. നിപ ജില്ലാ നോഡല്‍ ഓഫീസറായി മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ബിനോ ജോസിനെ നിയമിക്കും. യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. പി കെ അനില്‍ കുമാര്‍, കൊവിഡ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഋഷി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.