സംസ്ഥാനത്തെ ജയിലുകളിൽ കൊറോണ വ്യാപനം രൂക്ഷം: തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക പരോൾ നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ കൊറോണ സാഹചര്യം മുൻനിർത്തി തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക പരോൾ നീട്ടി. സെപ്റ്റംബർ 21 വരെയാണ് പരോൾ നീട്ടിയത്. ജയിലുകളിൽ കൊറോണ വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്തത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്.

നേരത്തെ കൊറോണ പകരുന്നത് തടയാനായി 65 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര കുറ്റവാളികൾ അല്ലാത്തവരെ പരോൾ നൽകി വീടുകളിലേക്ക് അയച്ചിരുന്നു.

പൂജപ്പുര സെൻട്രൽ ജയിൽ കേന്ദ്രീകരിച്ചാണ് രോഗബാധ ഏറ്റവും കൂടുതൽ ഉണ്ടായത്. ജില്ലയുടെ തീരപ്രദേശങ്ങൾക്ക് സമാനമായി ജയിലുകൾ കേന്ദ്രീകരിച്ചും ക്ലസ്റ്ററുകൾ രൂപപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാൽ ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമായതായാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. രോഗം പകരുന്നത് തടയാൻ സന്ദർശകർക്ക് അടക്കം കടുത്ത നിയന്ത്രണങ്ങൾ എല്ലാ ജയിലുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്ന് വിയ്യൂർ ജില്ലാ ജയിലിൽ 30 തടവുകാർക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29പേരെ ജയിലിലെ സി എഫ് എൽ ടി സിയിലേക്ക് മാറ്റി. ഒരാളെ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു
Tags