ശിഖര്‍ ധവാനും അയേഷ മുഖര്‍ജിയും വിവാഹമോചിതരായി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വിവാഹ മോചിതരായി. എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വഴി പിരിഞ്ഞത്. ശിഖര്‍ ധവാന് മുമ്പ് അയേഷ ഓസ്ട്രേലിയന്‍ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തില്‍ അലിയ, റിയ എന്നിങ്ങനെ അയേഷക്ക് രണ്ട് കുട്ടികളുമുണ്ട്.

ഈ ബന്ധം വേര്‍പെടുത്തിയശേഷമാണ് ധവാനെ വിവാഹം കഴിച്ചത്. ധവാന്‍-അയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്നൊരു മകനുമുണ്ട്. ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലമുള്ള ആയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്. എട്ടാം വയസില്‍ അയേഷയുടെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കിക്ക് ബോക്സര്‍ കൂടിയാണ് ആയേഷ.

ഫേസ്ബുക്കിലൂടെയാണ് ആയേഷയും ധവാനും അടുത്തത്. ഫേസ്ബുക്കില്‍ ആയേഷയുടെ ചിത്രങ്ങള്‍ കണ്ട് കൗതുകം തോന്നി തുറന്നുനോക്കിയ ധവാന്‍ ഇന്ത്യന്‍ ടീമിലെ സഹതാരമായ ഹര്‍ഭജന്‍ സിംഗിനെ മ്യൂച്ചല്‍ ഫ്രണ്ട് ലിസ്റ്റില്‍ കണ്ടു. പിന്നീട് ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം 2012ല്‍ വിവാഹത്തിലെത്തുകയായിരുന്നു. പഞ്ചാബി മതാചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. 2014ലാണ് ഇരുവര്‍ക്കും സൊരാവര്‍ എന്ന ആണ്‍കുഞ്ഞ് പിറന്നത്.

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച ശിഖര്‍ ധവാന്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണ്. ബുധനാഴ്ചയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.
Tags