കല്ലുവാതുക്കൽ മദ്യ ദുരന്തം സംബന്ധിച്ച ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നിർദേശം. മണിച്ചന്റെ സഹോദരന്മാരെ ജയിലിൽ നിന്ന് വിട്ടയക്കാമെന്ന ജയിൽ ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാനാണ് സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നിർദേശം നൽകിയത്.
കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠനും, വിനോദ് കുമാറും. നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് രണ്ട് പേരയും മോചിപ്പിക്കാൻ ജയിൽ ഉപദേശക സമിതി സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരുന്നത്. കുറ്റവാളികളുടെ ഭാര്യമാരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
2000 ഒക്റ്റോബർ 21നാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം സംഭവിക്കുന്നത്. മണിച്ചൻ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച വ്യാജ മദ്യം കഴിച്ച് കൊല്ലം കല്ലുവാതുക്കലിലെ 19 പേരും, പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ 13 പേരുമുൾപ്പെടെ 33 പേർ മരിച്ചു. ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.