ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,30,58,843 ആയി. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 42,942 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,22,24,937 പേർ ഇതുവരെ രോഗമുക്തി നേടി. 3,92,864 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 69,90,62,776 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം ഒരു കോടിയിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 11 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഒരു ദിവസം ഒരുകോടി ഡോസ് വാക്സിൻ വിതരണം ചെയ്യുന്നത്. ഇന്ത്യയുടെ നേട്ടത്തെ പ്രധാനമന്ത്രിയും പ്രശംസിച്ചു. കൊറോണ വാക്‌സിനേഷനിൽ മഹത്തായ ദിനമെന്നാണ് പ്രധാനമന്ത്രി കുറിച്ചത്.
കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 290 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,41,042 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,26,056 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 69,90,62,776 ആയി ഉയർന്നു.