വിസ്മയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു

കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി. മോഹൻരാജിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഏറെ വിവാദമായ അഞ്ചൽ ഉത്ര കേസിലെയും സപെഷ്യൽ പ്രോസിക്യൂട്ടറാണ് മോഹൻരാജ് വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കുമോ എന്ന പരിശോധനയിലാണ്. കസ്റ്റഡിയിലിരിക്കെ കൊവിഡ് ബാധിതനായതിനാൽ കിരണിനെ നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇനി കിരണിനെ കസ്റ്റഡിയിൽ ലഭിക്കുമോ എന്നതിലുള്ള നിയമോപദേശം പൊലീസ് തേടും. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജി മോഹൻരാജിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. കേസിൽ പൊലീസ് നിർദേശിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പട്ടികയിലും മോഹൻരാജിനായിരുന്നു പ്രഥമ പരിഗണന. വിസ്മയയുടെ വീട് ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിൽ പൊലീസ് നിയമോപദേശം തേടും. കേസിൽ വിസ്മയയുടെ സഹപാഠികളുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജൂൺ 21നു പുലർച്ചെയാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 22നാണ് വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭർത്താവ് കിരണിന്റെ മാതാവും മർദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കിരണിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലാണ് വിസ്മയയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം പലതവണ സ്ത്രീധനത്തെ ചൊല്ലി വഴക്കുനടന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ഭർതൃവീട്ടിൽ വച്ച് മർദനമേറ്റതിന്റെ ചിത്രങ്ങളും ഇത് സൂചിപ്പിക്കുന്ന മെസേജുകളും വീട്ടുകാർക്ക് വിസ്മയ അയച്ചുകൊടുത്തിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Tags