രാജ്യത്ത് വിതരണം ചെയ്തത് 50 കോടി വാക്‌സിൻ ഡോസുകൾ; റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ന്യൂഡൽഹി : കൊറോണയ്‌ക്കെതിരായുള്ള പോരാട്ടത്തിൽ 50 കോടി കുത്തിവെപ്പുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. ഇന്ന് വൈകീട്ടോടെയാണ് രാജ്യം ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയ്‌ക്കെതിരായുള്ള പോരാട്ടത്തിൽ ഒന്നിച്ച് നിന്ന ജനങ്ങൾക്കും അതിന് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും കേന്ദ്ര മന്ത്രി നന്ദിയറിയിച്ചു. 2021 ജനുവരി 16 ഓടെ ആരംഭിച്ച വാക്‌സിനേഷൻ ക്യാമ്പെയിനിലൂടെ ഇതുവരെ 11 കോടിയോളം ജനങ്ങൾ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. നിരവധി സംസ്ഥാനങ്ങളിലെ പല ജില്ലകളിലും നൂറ് ശതമാനം വാക്‌സിനേഷൻ നടന്നിട്ടുണ്ട്. കൊവാക്‌സിൻ, കൊവിഷീൽഡ്, സ്പുടനിക് v , മോഡേണ എന്നീ കൊറോണ പ്രതിരോധ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകാൻ ആരംഭിച്ചതോടെ വാക്‌സിനേഷൻ വേഗത്തിലാവുകയായിരുന്നു. ഈ ഡിസംബറോടെ രാജ്യത്തെ പകുതിയിലധികം ആളുകൾക്ക് വാക്‌സിൻ നൽകാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.
Tags