കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചതിനാണ് നടപടി. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാനാകും. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തത് കുട്ടിയെ തിരിച്ചറിയാനിടയാക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തില്‍ ട്വിറ്ററിന് ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മിഷന്‍ ട്വിറ്ററിന് നോട്ടീസ് അയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് അക്കൗണ്ട് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം രാഹുല്‍ ഗാന്ധി മറ്റ് സമൂഹമാധ്യമങ്ങളിലൂടെ സജീവമായിരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. രാഹുല്‍ ട്വീറ്റ് പങ്കുവച്ചതിനെതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലമായി ദഹിപ്പിച്ചു. മകളുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നും പൂജാരിയാണ് മകളെ ബലാത്സംഗം ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
Tags