ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി രേഖാ ശർമ്മ തുടരും: മൂന്ന് വർഷത്തേക്ക് കാലാവധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി:ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് രേഖാ ശർമ്മ അടുത്ത മൂന്ന് വർഷം കൂടി തുടരും. വനിതാ – ശിശുക്ഷേമ മന്ത്രാലയം വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നടത്തിയ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2015 ഓഗസ്റ്റ് മുതൽ വനിതാ കമ്മീഷൻ അംഗമാണ് രേഖ ശർമ്മ. 2017 സെപ്തംബർ 29 മുതൽ കമ്മീഷൻ അദ്ധ്യക്ഷയുടെ അധിക ചുമതല വഹിച്ചു. പിന്നീട് 2018 ഓഗസ്റ്റ് 7 നാണ് കമ്മീഷൻ അദ്ധ്യക്ഷയായി നിയമിതയാകുന്നത്. കൊറോണ പ്രതിസന്ധിയിൽ പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുളളവർ നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ നിരവധി പദ്ധതികൾ രേഖാ ശർമ്മയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചിരുന്നു. സ്ത്രീകൾക്ക് പ്രശ്‌നങ്ങൾ അറിയിക്കാനുളള വാട്‌സ്ആപ്പ് നമ്പർ ഏർപ്പെടുത്തിയതും വീടുകളിൽ കഴിയുന്ന പ്രായമായ സ്ത്രീകളെ സഹായിക്കാൻ ഹാപ്പി ടു ഹെൽപ് ടാസ്‌ക് ഫോഴ്‌സ് ഏർപ്പെടുത്തിയതിലുമൊക്കെ രേഖ ശർമ്മയുടെ ഇടപെടൽ ഉണ്ടായിരുന്നു. ഹരിയാന സ്വദേശിനിയാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി കമ്മീഷൻ അദ്ധ്യക്ഷയായിരിക്കെ എടുത്ത നിലപാടുകളും പ്രശംസ നേടിയിരുന്നു
Tags