മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു

ദുബായ്: മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ഇത് ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്. യുഎഇ ഗോൾഡൻ വിസയ്ക്ക് 10 വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. രണ്ടുപേരും അടുത്ത ദിവസങ്ങളില്‍ തന്നെ ദുബായിലെത്തി ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. സിനിമാതാരങ്ങളെ കൂടാതെ ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയ്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മാത്രമല്ല നിരവധി പ്രവാസി വ്യവസായികൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. വിവിധ മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് യുഎഇ നല്‍കുന്ന ഒരു ആദരമാണ് പത്തുവര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ. ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, കോഡര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്.