സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റി മഹാരാഷ്ട്ര
August 12, 2021
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ. കൊവിഡ് ടാസ്ക് ഫോഴ്സിൻ്റെ എതിർപ്പിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. ഈ മാസം 17 മുതൽ സ്കൂളുകൾ തുറക്കുമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിൻ്റെ പ്രഖ്യാപനം. (Reopening Schools Maharashtra U Turn)
നഗരപ്രദേശങ്ങളിലുള്ള സ്കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളും ഗ്രാമങ്ങളിലുള്ള സ്കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളുമാണ് ഓഗസ്റ്റ് 17 മുതൽ തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ടാസ്ക് ഫോഴ്സ് ഇതിനെ എതിർത്തതോടെ സർക്കാർ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു.
ബുധനാഴ്ച രാത്രി വിദ്യാഭ്യാസ വകുപ്പും ടാസ്ക് ഫോഴ്സും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൂടിക്കാഴ്ചയിൽ പങ്കായിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് സർക്കാർ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റിയത്.
സംസ്ഥാനത്ത് 2 ഡോസ് വാക്സിനെടുത്തവർക്ക് ഞായറാഴ്ച മുതൽ മാളുകളിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. കൊവിഡ് വാക്സിൻ രണ്ട് ഡോസുകളും എടുത്ത ആളുകൾക്ക് മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇന്നലെ മന്ത്രിസഭായോഗത്തിനു ശേഷം ആരോഗ്യമന്ത്രി രാജേഷ് ടോപെ ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 41195 പുതിയ കൊവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്നലത്തേതിനേക്കാൾ 7.4% കൂടുതലാണ് കേസുകൾ. സജീവ കേസുകളുടെ എണ്ണം 387987 ആയി.
രോഗമുക്തി നിരക്ക് 97.45 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ പരീക്ഷിച്ച 21,24,953 സാമ്പിളുകൾ ഉൾപ്പെടെ ഓഗസ്റ്റ് 11 വരെ പരിശോധിച്ച സാമ്പിളുകളുടെ ആകെ എണ്ണം 48,73,70,196 ആണ്.
39069 പേരാണ് രോഗമുക്തി നേടിയത്. 3,87,987 പേർ നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നു. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. തുടർച്ചയായ 17 ആം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.
നിലവിൽ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്. ഇത് വരെ 52 കോടി 36 ലക്ഷം വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Tags