ആത്മനിർഭർ ഭാരത് ; സ്വകാര്യമേഖല സ്ഥാപനം നിർമ്മിച്ച ഗ്രനേഡുകൾ സ്വീകരിച്ച് ഇന്ത്യൻ സൈന്യം
August 24, 2021
നാഗ്പൂർ: സ്വകാര്യമേഖല സ്ഥാപനം നിർമ്മിച്ച മൾട്ടി-മോഡ് ഹാൻഡ് ഗ്രനേഡുകളുടെ ആദ്യ ബാച്ച് സ്വീകരിച്ച് ഇന്ത്യൻ സൈന്യം. നാഗ്പൂരിൽ നടന്ന ചടങ്ങിലാണ് ഗ്രനേഡുകൾ സ്വീകരിച്ചത്. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്കെത്താൻ ഇതൊരു തുടക്കമാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.
നിലവിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ വിന്റേജ് ഹാൻഡ് ഗ്രനേഡ് ഡിസൈനാണ് സൈന്യം ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഉപയോഗിക്കുന്നതിനാണ് പുതിയ ഗ്രനേഡുകൾ നിർമ്മിച്ചിരിക്കുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കണോമിക് എക്‌സ്‌പ്ലോസീവ്‌സ് ലിമിറ്റഡാണ് ഗ്രനേഡുകൾ നിർമ്മിച്ചത്. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറീസും (ടിബിആർഎൽ) ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ലബോറട്ടറിയും ചേർന്നാണ് ഗ്രനേഡിന്റെ രൂപ കൽപന.
പരിപാടിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, ഡിആർഡിഒ മേധാവി ജി.സതീഷ് റെഡ്ഡി എന്നിവർ പങ്കെടുത്തു. ഇഇഎൽ ചെയർമാൻ എസ്എൻ നുവാൽ ഗ്രനേഡിന്റെ ഒരു സ്‌കെയിൽ പകർപ്പ് രാജ്നാഥ് സിംഗിന് കൈമാറി. പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വം കൈവരിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഗ്രനേഡുകൾ എന്ന് സിംഗ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രനേഡുകൾക്കായി ഇഇഎൽ പ്രതിരോധ മന്ത്രാലയവുമായി കരാറിലേർപ്പെട്ടത്. സൈന്യത്തിന് ഒരു ദശലക്ഷം മൾട്ടി-മോഡ് ഹാൻഡ് ഗ്രനേഡുകൾ വിതരണം ചെയ്യണമെന്നായിരുന്നു കരാർ. 2022 ഒക്ടോബറോടെ കരാർ പ്രകാരമുള്ള മുഴുവൻ ഗ്രനേഡുകളും ഇഇഎൽ സൈന്യത്തിന് കൈമാറും.
ആത്മനിർഭർ ഭാരതിന് കരുത്തു പകരുന്നതിനും, രാജ്യത്ത് പ്രതിരോധ ആയുധ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി 101 ആയുധങ്ങളുടെ ഇറക്കുമതിയ്‌ക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇവയുടെ ആദ്യപട്ടികയിൽ ഉൾപ്പെടുന്നതാണ് മൾട്ടി പർപ്പസ് ഗ്രനേഡുകൾ. ഇവയുടെ ഇറക്കുമതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ നിരോധിക്കും.
ആദ്യ പട്ടികയിൽ ഗ്രനേഡുകൾക്ക് പുറമേ പീരങ്കി തോക്കുകൾ, മിസൈൽ ഡിസ്‌ട്രോയറുകൾ, കപ്പൽ വഹിക്കുന്ന ക്രൂയിസ് മിസൈലുകൾ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ലൈറ്റ് ട്രാൻസ്‌പോർട്ട് വിമാനം, ദീർഘദൂര ലാൻഡ്-അറ്റാക്ക് ക്രൂയിസ് മിസൈലുകൾ, ആശയവിനിമയ ഉപഗ്രഹങ്ങൾ, അടിസ്ഥാന പരിശീലക വിമാനം, മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, വിവിധതരം റഡാറുകൾ, ആക്രമണ റൈഫിളുകൾ, സ്‌നിപ്പർ റൈഫിളുകൾ, മിനി-യുഎവികൾ, വിവിധതരം വെടിയുണ്ടകൾ എന്നിവയാണ് ഉൾപ്പെടുന്നത്.
രണ്ടാമത്തെ പട്ടികയിൽ വിവിധ തരം ഹെലികോപ്റ്ററുകൾ, വായുവിലൂടെയുള്ള മുൻകൂർ മുന്നറിയിപ്പ്-നിയന്ത്രണ സംവിധാനങ്ങൾ (എഇഡബ്ല്യൂ&സി), ടാങ്ക് എഞ്ചിനുകൾ, പർവതങ്ങൾക്കുള്ള ഇടത്തരം പവർ റഡാർ, ഇടത്തരം ദൂരത്തിലുള്ള ഉപരിതല മിസൈൽ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
Tags