ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിൽ ഒഴിക്കുന്ന കൊറോണ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിൽ ഒഴിക്കുന്ന കൊറോണ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുളള ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (ബിഐആർഎസി)യുടെ സഹകരണത്തോടെയാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിക്കുന്നത്. ഒന്നാം ഘട്ട പരീക്ഷണം വിജയകരമായതോടെയാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. 18 മുതൽ 60 വയസ് വരെ പ്രായമുളളവരിലാണ് ഒന്നാംഘട്ട പരീക്ഷണം നടത്തിയതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. പ്രയോഗിച്ച ഡോസുകൾ പൂർണമായി ഫലം ചെയ്യുന്നതായിട്ടാണ് കണ്ടത്. രാജ്യത്ത് വികസിപ്പിക്കുന്ന മൂക്കിലൂടെ പ്രയോഗിക്കാവുന്ന ആദ്യ വാക്‌സിനാണിത്. പരീക്ഷണങ്ങൾ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണെന്ന് ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ ചെയർപേഴ്‌സൺ രേണു സ്വരൂപ് വ്യക്തമാക്കി. സിറിഞ്ചിന്റെ ഉപയോഗം ഉൾപ്പെടെ ഒഴിവാക്കാൻ മൂക്കിലൂടെയുളള വാക്‌സിൻ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കുട്ടികൾക്കും പ്രായമായവർക്കും ഇത് ഒരുപോലെ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളിൽ തെളിയുന്നത്. ഹൈദരാബാദ് ആസ്ഥാനമായുളള ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്‌സിൻ രാജ്യത്ത് നിലവിൽ ഉപയോഗിച്ച് വരുന്നുണ്ട്. മൂന്നാം തരംഗ വ്യാപനത്തിന് മുന്നോടിയായി കുട്ടികളിൽ വാക്‌സിൻ കുത്തിവെയ്പ്് ആരംഭിക്കാനിരിക്കെയാണ് പുതിയ വാക്‌സിന്റെ പരീക്ഷണം അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നത്.
Tags