യോഗി ആദിത്യനാഥ് നാളെ അയോദ്ധ്യയിൽ ; രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തും

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. ഭൂമി പൂജയുടെ ഒന്നാം വാർഷികമായ നാളെയാണ് അദ്ദേഹം ക്ഷേത്രം സന്ദർശിക്കുക. പ്രത്യേക പൂജകളിലും യോഗി പങ്കെടുക്കും. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനം. ക്ഷേത്രത്തിന്റെ നിർമ്മാണ ചുമതലുയള്ള രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്റ്റ് അംഗങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. രാം ലല്ല സന്ദർശിക്കുന്ന മുഖ്യമന്ത്രി ട്രസ്റ്റ് അംഗങ്ങളുമായി ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതിന് പുറമേ അയോദ്ധ്യയിൽ സൗജന്യ റേഷൻ വിതരണത്തിനും അദ്ദേഹം തുടക്കം കുറിക്കും. കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ഭൂമി പൂജയ്‌ക്ക് ശേഷമായിരുന്നു ശിലാസ്ഥാപന ചടങ്ങ് നിർവ്വഹിച്ച് അദ്ദേഹം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. നിലവിൽ ക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. അതിവേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി 2023 മുതൽ ഭക്തർക്കായി ക്ഷേത്രം തുറന്നു കൊടുക്കാനാണ് തീരുമാനം.
Tags