പ്രളയ ബാധിതര്‍ക്ക് അഞ്ച് ലക്ഷം; ദുരിതബാധിത കുടുംബങ്ങള്‍ക്ക് 10000 രൂപ; റോഡ് അറ്റകുറ്റപണിക്ക് 500 കോടി; നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി
August 02, 2021
ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച 13 ജില്ലകളിലെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം 75 ശതമാനത്തിലധികം നാശനഷ്ടമുണ്ടായ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയും, 50 ശതമാനത്തില്‍ താഴെയുള്ള വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.
കൂടാതെ പ്രളയബാധിത ജില്ലകളില്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ക്ക് തങ്ങള്‍ 50,000 രൂപയും നല്‍കും. മുന്‍കൂര്‍ ദുരിതാശ്വാസമായി ദുരിതബാധിത കുടുംബങ്ങള്‍ക്ക് 10,000 രൂപ ഉടന്‍ തന്നെ നല്‍കുമെന്നും ബൊമ്മൈ പറഞ്ഞു.മഴ മാറിയെങ്കിലും തീരപ്രദേശങ്ങളിലും മധ്യ, വടക്കുപടിഞ്ഞാറന്‍ മേഖലകളിലും വെള്ളപ്പൊക്കവും തടാകങ്ങളും നദികളും നിറഞ്ഞൊഴുകുന്നതിനാല്‍ സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടി.
മാര്‍ക്കറ്റുകളും അടച്ചു. റോഡുകള്‍ തകര്‍ന്നതിനാല്‍ സാധാരണ ജീവിതം തടസ്സപ്പെട്ടു. പേമാരി കാരണം 466 ഗ്രാമങ്ങള്‍ വെള്ളത്തിലായി. റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അടിയന്തര അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപയും എന്‍ഡിആര്‍എഫ് 150 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അതിനാല്‍ ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags