ജമ്മു കശ്മീരിൽ സ്‌ഫോടനം നടത്താനുള്ള ലഷ്‌കര്‍ പദ്ധതി തകര്‍ത്ത് പോലീസ് ; നാലു ഭീകരർ അറസ്റ്റിൽ

ശ്രീനഗര്‍ : ജമ്മു കശ്മീരിൽ സ്‌ഫോടനം നടത്താന്‍ ലഷ്‌കര്‍ ഇ ത്വായ്ബ ഭീകരര്‍ തയ്യാറാക്കിയ പദ്ധതി തകര്‍ത്ത് ജമ്മു കശ്മീര്‍ പോലീസ്. നാലുപേരെ അറസ്റ്റു ചെയ്തു. ബാരാമുള്ള സ്വദേശി ആമിര്‍ റെയാസ് ലോണ്‍, സീര്‍ ഹംദാന്‍ സ്വദേശി ഒവൈസ് അഹമ്മദ് ഷാക്കാസ്, പുല്‍വാമയിലെ രാജ്പോറ സ്വദേശി ഷുഹൈബ് മുസാഫര്‍ ക്വുസി, താരിഖ് ദാര്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെയെല്ലാം പിടികൂടിയത്. അനന്ത്നാഗ് പട്ടണത്തില്‍ ഐ ഇ ഡി സ്ഫോടനം നടത്താനായിരുന്നു പ്രതികളുടെ പദ്ധതി .ഓണ്‍ലൈന്‍ പ്രചാരണത്തിന് ഇരയാകുന്നതില്‍ നിന്നു യുവാക്കളെ രക്ഷിക്കാന്‍ കഴിഞ്ഞെന്നും പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നതിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ലോണിന്റെ പക്കല്‍നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും , ഗ്രനേഡുകളും പിടിച്ചെടുത്തു. ഇൻറർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വിവരങ്ങളുടെ സഹായത്തോടെ ഐഇഡി നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു ഒവൈസ് അഹമ്മദ് ഷാക്കാസ് . ബാരാമുള്ള സ്വദേശിയായ ലഷ്‌കര്‍ ഇ ത്വായ്ബ ഭീകരന്‍ ബിലാല്‍ ഷെയ്ഖുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. പുല്‍വാമയിൽ സുരക്ഷാ സേനയെ ആക്രമിക്കുന്നതിനായി ഗ്രനേഡ് നൽകിയ ഭീകരൻ ആക്വിബ് ദാറുമായി ക്വാസിക്ക് നേരിട്ടു ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
Tags