മഹാരാഷ്ട്ര ഗതാഗതമന്ത്രിയും ശിവസേനാ നേതാവുമായ അനില്‍ പരബിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

മഹാരാഷ്ട്ര ഗതാഗതമന്ത്രിയും ശിവസേനാ നേതാവുമായ അനില്‍ പരബിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അടുത്ത ചൊവ്വാഴ്ച സൗത്ത് മുംബൈയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. മുന്‍ മന്ത്രി അനില്‍ ദേശ്മുഖ് ഉള്‍പ്പെട്ട അഴിമതി കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇ.ഡിയുടെ നോട്ടീസ് പ്രതീക്ഷിച്ചിരുന്നതാണെന്നും ബിജെപി പകരം വീട്ടുകയാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

പ്രതീക്ഷിച്ചിരുന്നതുപോലെ കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ ജന്‍ ആശിര്‍വാദ് യാത്ര അവസാനിച്ചപ്പോഴേക്കും അനില്‍ പരബിന് ഇ.ഡി. നോട്ടീസ് കിട്ടി. കേന്ദ്ര സര്‍ക്കാര്‍ അവരുടെ പണി തുടങ്ങിയിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രത്‌നഗിരിയാണ്. രത്‌നഗിരിയില്‍നിന്നുള്ള മന്ത്രിയാണ് പരബ്. നിയമ പരമായിതന്നെ ഇതിനെ പാര്‍ട്ടി നേരിടും’. സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നാരായണ റാണയെ ജന്‍ ആശിര്‍വാദ് യാത്രക്കിടെ രത്‌നഗിരിയില്‍വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സഞ്ജയ് റാവത്തിന്റെ ആരോപണങ്ങളെ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദാരേകര്‍ തള്ളി. റാണെയുടെ അറസ്റ്റുമായി ഇതിനു ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Tags