പഞ്ചാബിൽ ബിജെപിയ്ക്ക് ഇരട്ടിക്കരുത്ത് ; ശിരോമണി അകാലി ദൾ നേതാക്കൾ കൂട്ടത്തോടെ പാർട്ടിയിൽ ചേർന്നു
August 02, 2021
ചണ്ഡീഗഡ് : പഞ്ചാബിൽ ബിജെപിയ്‌ക്ക് ശക്തി പകർന്ന് ശിരോമണി അകാലി ദൾ നേതാക്കളുടെ പാർട്ടി പ്രവേശനം. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഞ്ച് നേതാക്കളാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ഗജേന്ദർ സിംഗ് ഷെഖാവത് ഇവരെ സ്വാഗതം ചെയ്തു
മുൻ ജില്ലാ ആസൂത്രണ ബോർഡ് അംഗം അമാൻജോത് കൗർ റൂമോവാലിയ, ശിരോമണി അകാലി ദൾ മുൻ ഉപാദ്ധ്യക്ഷൻ ചാന്ദ് സിംഗ്, മുൻ ദേശീയ സെക്രട്ടറി ഗുർപ്രീത് സിംഗ് ഷഹ്പൂർ, ദൂരദർശൻ മുൻ അവതാരകൻ ചേതൻ മോഹൻ ജോഷി, മുൻ ജില്ലാ ഉപാദ്ധ്യക്ഷൻ ജില പരിസാദ് ബൽജിന്ദർ സിംഗ് ദക്കോഹ, പ്രിതം സിംഗ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു പാർട്ടിയ്‌ക്കകത്തെ പ്രശ്നങ്ങളെ തുടർന്നുള്ള ഇവരുടെ രാജി.
ജനങ്ങൾ ബിജെപിയിൽ കൂടുതൽ വിശ്വാസവും, താത്പര്യവും വെച്ചു പുലർത്തുന്നുണ്ടെന്ന് ഗജേന്ദർ സിംഗ് ഷെഖാവത് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയത്തെ ഇത് സൂചിപ്പിക്കുന്നു. പഞ്ചാബിലെ കർഷകരെ തെറ്റിദ്ധരിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. എന്നാൽ ഇവരെ ജനം തിരസ്‌കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ എംപിയും, പഞ്ചാബിന്റെ ചുമതലയുമുള്ള ദുഷ്യന്ത് കുമാർ ഗൗതം, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Tags