ശ്രീകണ്ഠൻ നായരുടെ ആവനാഴിയിലെ കൂരമ്പുകൾ ആർക്കു നേരെ ? ,നെഞ്ചിടിപ്പോടെ "ചില" മാധ്യമപ്രവർത്തകർ !

മുട്ടിൽ മരം കേസുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനലിന്റെ കോഴിക്കോട് റീജിയണൽ മേധാവിയായ ദീപക് ധർമ്മടത്തിന് നേരെ ആരോപണങ്ങളും അന്വേഷണ റിപ്പോർട്ടുമൊക്കെ വന്നതിനു പിന്നാലെ, 24 ന്യൂസ് ചാനലിന്റെ മേധാവി ശ്രീകണ്ഠൻ നായർ മറ്റ് മുഖ്യധാരാ മാധ്യമങ്ങൾക്ക് നേരെ ഒളിയമ്പുകൾ എയ്ത് രംഗത്തെത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം വൻ ചർച്ചയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാനലിന്റെ ഗുഡ്മോർണിംഗ് ഷോയിൽ ശ്രീകണ്ഠൻ നായർ കുറിക്കു കൊള്ളുന്ന ചില ഡയലോഗുകളുമായി എത്തിയത് .ദീപക് ധര്‍മടത്തിനെതിരെ വാര്‍ത്ത കൊടുത്തതില്‍ ഏഷ്യാനെറ്റ് ന്യൂസിനെ പ്രശംസിക്കുന്ന മട്ടിലാണ് ശ്രീകണ്ഠന്‍ നായര്‍ സംസാരിച്ചു തുടങ്ങിയതെങ്കിലും പറഞ്ഞ ഓരോ വാക്കിനുള്ളിലും ഒരു ഭീഷണിയുടെ സ്വരമുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് . നല്ല കാര്യങ്ങള്‍ സംഭവിച്ചാല്‍ നമ്മള്‍ അത് അനുകരിക്കണം എന്ന അഭിപ്രായക്കാരനാണ് താന്‍ എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഒരു നല്ല കാര്യം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസുമൊക്കെ വലിയ കോര്‍പ്പറേറ്റുകളാണ് ഇപ്പോള്‍. ഏഷ്യാനെറ്റ് ന്യൂസ് ജൂപ്പിറ്റര്‍ കമ്പനിയുടെ കീഴിലും ഏഷ്യാനെറ്റ് വാള്‍ട്ട് ഡിസ്‌നിയുടെ കീഴിലും ഉള്ള രണ്ട് വ്യത്യസ്ത കമ്പനികള്‍ ആണ് എന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു. മുട്ടില്‍ മരം മുറി കേസില്‍ ദീപക് ധര്‍മടത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് നല്ല രീതിയില്‍ തന്നെ വാർത്ത കൊടുത്തിട്ടുണ്ട്. രാവിലെ ഏഴ് മണിമുതല്‍ തന്നെ വാര്‍ത്ത കൊടുത്തു. സാധാരണ ഗതിയിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള വാർത്തകൾ മറ്റു ചാനലുകൾ കണ്ടില്ല എന്ന് വയ്ക്കാറാണ് പതിവ് .എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതില്‍ തനിക്ക് വലിയ സന്തോഷമുണ്ട് എന്നും ശ്രീകണ്ഠന്‍ നായര്‍ മോർണിംഗ് ഷോയിൽ പറയുന്നുണ്ട് .ഞങ്ങളുടെ ഇടയില്‍ നിന്ന് ഒരാള്‍ എന്തെങ്കിലും തെറ്റ് വരുത്തിയാലും, അയാളെ വെറുതേ വിടില്ല എന്നൊരു പുതിയ മൂല്യബോധം മാധ്യമ രംഗത്ത് സൃഷ്ടിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. അത് നല്ല കാര്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഇതൊരു പ്രശംസയാണോ അതോ പരിഹാസമാണോ എന്നതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ച. ഇതിനൊപ്പം ശ്രീകണ്ഠന്‍ നായര്‍ ഉയര്‍ത്തിയ ചില വെല്ലുവിളികളാണ് ഇപ്പോൾ ചില മാധ്യമപ്രവർത്തകരുടെ ഉറക്കം കെടുത്തുന്നത് . ഇനി മുതല്‍ തങ്ങളും ഇങ്ങനെ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്ത കൊടുക്കും എന്നാണ് ഒരു വെല്ലുവിളിയുടെ സ്വരത്തിലും ശരീരഭാഷയിലും ശ്രീകണ്ഠൻനായർ പറഞ്ഞത് . ദീപക് ധര്‍മടത്തിന്റെ വാര്‍ത്തയുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ച നയിച്ചത് പിജി സുരേഷ് കുമാര്‍ ആയിരുന്നു. പുതിയൊരു മൂല്യ അവതരണമാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാള ടെലിവിഷനില്‍ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് പിജി സുരേഷ്‌കുമാര്‍ അവതരിപ്പിച്ച ചര്‍ച്ച കണ്ടപ്പോള്‍ തോന്നിയത് എന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നുണ്ട്. വളരെ ‘അഗ്രസ്സീവ്’ ആയിട്ടുതന്നെ അത് തങ്ങളും അനുകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്തായാലും 24 ന്യൂസ് അടുത്ത ദിവസങ്ങളിൽ തങ്ങളുടെ ആവനാഴിയിൽ നിന്ന് തൊടുക്കാൻ പോകുന്ന ബ്രഹ്‌മാസ്‌ത്രങ്ങൾ ആർക്ക് നേരെയാകും എന്നചർച്ച പൊടിപിടിക്കുകയാണ് മാധ്യമപ്രവർത്തകരുടെ രഹസ്യ ‘സങ്കേത’.ങ്ങളിൽ .
Tags