താലിബാന്റെ ശക്തി മയക്കുമരുന്ന് കടത്ത് ; സമ്പാദിക്കുന്നത് കോടിക്കണക്കിന് ഡോളറുകൾ; പിന്നിൽ ഇന്ത്യയിലെ പ്രമുഖരും

കാബൂൾ : വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്താൻ വീണ്ടും താലിബാന്റെ കിരാത വാഴ്ചയിലേക്ക് വീണിരിക്കുകയാണ്. കാബൂൾ നഗരം പൂർണമായും പിടിച്ചെടുത്തതോടെ അഫ്ഗാനിൽ ആധിപത്യം സ്ഥാപിച്ച താലിബാൻ രാജ്യത്തിന്റെ പേര് മാറ്റുകയും ചെയ്തു. യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ് താലിബാൻ ഭീകരർ അഫ്ഗാനിൽ ആക്രമണം ആരംഭിച്ചത്. അഫ്ഗാൻ പ്രതിരോധ സേനയുടെ ആയുധശേഖരത്തിലും ആൾബലത്തിലും കുറവ് വന്നെങ്കിലും താലിബാൻ മുൻപിലാണെന്നാണ് നിലവിലെ വിവരങ്ങൾ തെളിയിക്കുന്നത്. ഇത്രയധികം ആയുധങ്ങൾ വാങ്ങാനുള്ള പണം താലിബാന് എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന ചോദ്യങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ലഹരിമരുന്ന് ഉത്പാദിപ്പിക്കുന്ന താലിബാൻ അത് വിദേശരാജ്യങ്ങളിലേയ്‌ക്ക് കടത്തിയാണ് പണം സമ്പാദിക്കുന്നത്. അന്താരാഷ്‌ട്ര ലഹരിമരുന്ന് നിർമ്മാണ കേന്ദ്രമായി അഫ്ഗാനിസ്താൻ മാറിയത് യുഎസിന്റെ സാന്നിധ്യത്തിലാണ് എന്നതും വാസ്തവമാണ്. 2016 ൽ ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിൽ ഏറ്റവുമധികം സമ്പത്തുള്ള ആറാമത്തെ ഭീകര സംഘടനയാണ് താലിബാൻ. 2016 ൽ 400 മില്ല്യൺ ഡോളറായിരുന്നു താലിബാന്റെ പ്രതിവർഷ വരുമാനം. എന്നാൽ 2019-20 ആയപ്പോഴേക്കും അത് 1.6 ബില്ല്യൺ ഡോളറായി വർദ്ധിച്ചു. ഇതിൽ പകുതിയിലധികവും മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്നതാണ്. ആഗോളതലത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നത് അഫ്ഗാനിസ്താനിൽ നിന്നുമാണ്. എന്നാൽ ഇതിന് പിന്നിൽ താലിബാൻ ഭീകരരാണ് എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മയക്കുമരുന്ന് നിർമ്മാണത്തിലൂടെ മാത്രം ഭീകരസംഘടനയ്‌ക്ക് 416 മില്ല്യൺ ഡോളറാണ് പ്രതിവർഷം ലഭിക്കുന്നത്. കള്ളക്കടത്ത്, നികുതി പിരിക്കൽ, റിയൽ എസ്റ്റേറ്റ്, ഖനനം എന്നിവയിലൂടെയും താലിബാന് വരുമാനം ലഭിക്കുന്നു. ഇതിന് പുറമേയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായം. 2001 മുതൽ അഫ്ഗാനിൽ തമ്പടിച്ച യുഎസ്, താലിബാന്റെ ലഹരിമരുന്ന് ഉത്പാദനം തടയാൻ ശ്രമിച്ചിരുന്നു. 15 വർഷത്തിനിടെ ഇത് തടയാൻ വേണ്ടി മാത്രമായി 8 ബില്ല്യൺ ഡോളറാണ് അമേരിക്ക ചെലവഴിച്ചത്. മിന്നൽ പരിശോധനകളും വ്യോമാക്രമണവും നടത്തി ഇത്തരത്തിലുള്ള വ്യാപാരം അവസാനിപ്പിക്കാൻ അമേരിക്ക ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പകരം അത് ഇരട്ടിയിലധികമായി വർദ്ധിക്കുകയായിരുന്നു. താലിബാൻ ഭീകരർ മയക്കുമരുന്ന് കടത്തിനായി ഇന്ത്യയിലെ വൻ നഗരങ്ങളും ഉപയോഗിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ലോകത്തെ ഉന്നത നിലവാരമുള്ള ഹെറോയിൻ ഉത്പാദിപ്പിക്കുന്ന താലിബാൻ, അത് ഓസ്‌ട്രേലിയ തുടങ്ങിയ പാശ്ചാത്യ രാഷ്‌ട്രങ്ങളിലേക്ക് കടത്തുന്നതിനാണ് ഇടത്താവളമായി ഇന്ത്യൻ നഗരങ്ങൾ ഉപയോഗിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ബംഗളൂരു എന്നീ നഗരങ്ങൾ വഴിയാണ് കടത്ത്. ആഫ്രിക്കൻ മയക്കുമരുന്ന് മാഫിയയാണ് കടത്തിന്റെ പ്രധാന ഇടനിലക്കാർ.
Tags