ടോക്കിയോ ഒളിമ്പിക്‌സിൽ വിജയികളായ അത്‌ലറ്റുകളെ ചെങ്കോട്ടയിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
August 14, 2021
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ വിജയികളായ അത്‌ലറ്റുകളെ ചെങ്കോട്ടയിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2020 ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരങ്ങളാണവർ. ഓരോ ഭാരതീയന്റെയും ഹൃദയത്തെ മാത്രമല്ല ഭാവി തലമുറയെയും കൂടിയാണ് നിങ്ങൾ പ്രചോദിപ്പിച്ചതെന്നും ചെങ്കോട്ടയിലെത്തിയ ഒളിമ്പിക്‌സ് താരങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു. 13 വർഷത്തിന് ശേഷം ആദ്യമായി സ്വർണമുൾപ്പെടെ ഏഴ് മെഡലുകൾ നേടിയ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനമാണ് 2020 ടോക്കിയോ ഒളിമ്പിക്‌സിൽ രേഖപ്പെടുത്തിയതെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
സ്‌പോർട്‌സിനെ മുഖ്യധാരയിൽ ഉൾപ്പെടുത്താതിരുന്ന ഒരു കാലമുണ്ടായിരുന്നു. കളിക്കുന്നത് തുടർന്നാൽ ജീവിതം നശിക്കുമെന്ന ഉപദേശമാണ് മാതാപിതാക്കൾ നൽകിയിരുന്നത്. എന്നാലിന്ന് ശാരീരികക്ഷമതയെയും കായികത്തെയും കുറിച്ചുള്ള അവബോധം ജനങ്ങൾ മനസിലാക്കുന്നു. അതാണ് ഇത്തവണത്തെ ഒളിമ്പിക്‌സിൽ രാജ്യം കാണാനിടയായതെന്നും മോദി പറഞ്ഞു.
സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയും വെങ്കല മെഡൽ ജേതാക്കളായ ബാഡ്മിന്റൺ താരം പി.വി സിന്ധു, ഗുസ്തി താരങ്ങൾ രവികുമാർ ദാഹിയ, ബജ്‌റംഗ് പൂനിയ എന്നിവരും ഉൾപ്പെടെ 240ഓളം ഒളിമ്പ്യന്മാർ ചെങ്കോട്ടയിലുണ്ടായിരുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സ്‌പോർട് ഫെഡറേഷന്റെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിനിടെ ആദ്യമായാണ് കായിക മേഖലയെ പ്രതിനിധീകരിച്ച് ഇത്രയധികം അത്‌ലറ്റുകൾ ചെങ്കോട്ടയിൽ സാന്നിധ്യമറിയിച്ചത്.
Tags