ഇ ബുൾജെറ്റിന്റെ വണ്ടി പിടിച്ചത് നിൽക്കട്ടെ; ഈ വണ്ടിക്കെതിരേ എന്ത് നടപടി എടുക്കും? മോട്ടോർ വാഹന വകുപ്പിനെ വെട്ടിലാക്കി സോഷ്യൽ മീഡിയ

കൊച്ചി: ഇ ബുൾജെറ്റിന്റെ വാഹനം നിയമലംഘനത്തിന് പിടികൂടിയത് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ചൂടേറിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. പലയിടങ്ങളിലും നടക്കുന്ന സമാനമായ നിയമലംഘനങ്ങളാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ഇത്തരമൊരു ചർച്ചയ്‌ക്കിടെ പ്രത്യക്ഷപ്പെട്ട ചിത്രവും ചോദ്യവും മോട്ടോർ വാഹന വകുപ്പിനെയും വെട്ടിലാക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പിൻഭാഗത്തെ ഗ്ലാസിൽ പതിച്ച സ്വകാര്യ ബസിന്റെ ചിത്രമാണിത്. ഇ ബുൾജെറ്റിന്റെ വണ്ടി പിടിച്ചത് നിൽക്കട്ടെ; ഈ വണ്ടിക്കെതിരേ എന്ത് നടപടിയാണ് എടുക്കുന്നത് ഏമാൻമാരെ എന്ന ചോദ്യത്തോടെയാണ് ചിത്രം ചർച്ചയാകുന്നത്. കണ്ണൂർ- ഇരിട്ടി റൂട്ടിൽ ഓടുന്ന ആഷിക് എന്ന ബസിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും ചിത്രം ചർച്ചയായിക്കഴിഞ്ഞു. സ്റ്റിക്കർ ഒട്ടിച്ചതിൽ ഉൾപ്പെടെ മോട്ടോർ വാഹന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് യൂട്യൂബർമാരായ സഹോദരങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. എന്നാൽ സ്വകാര്യ ബസുകളിൽ ഉൾപ്പെടെ ഇത്തരം നിയമലംഘനങ്ങൾ പതിവാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Tags