കൊല്ലത്തെ ഉത്ര കൊലക്കേസിൽ അത്യപൂർവ്വ ഡമ്മി പരീക്ഷണവുമായി അന്വേഷണ സംഘം.
August 25, 2021
കൊല്ലം: കൊല്ലത്തെ ഉത്ര കൊലക്കേസിൽ അത്യപൂർവ്വ ഡമ്മി പരീക്ഷണവുമായി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും വ്യത്യസ്തമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യപൂർവ്വമായ പരീക്ഷണം നടത്തിയത്. മുൻ റൂറൽ എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു ഡമ്മി പരീക്ഷണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ഈ വീഡിയോ ദൃശ്യങ്ങളും രേഖകളും പോലീസ് സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ അന്തിമവാദം നേരത്തെ പൂർത്തിയായിരുന്നു. കേസിന്റെ വിധിയും ഉടനുണ്ടാകും
മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. കേസിൽ ചെറിയ തെളിവുകൾ പോലും പ്രധാനപ്പെട്ടതായതിനാലാണ് വ്യത്യസ്തമായ പരീക്ഷണം നടത്തിയത്. ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി തയ്യാറാക്കിയായിരുന്നു പോലീസിന്റെ പരീക്ഷണം. ഈ ഡമ്മിയിൽ കൈഭാഗത്ത് കോഴിയിറച്ചി കെട്ടിവെച്ചു. തുടർന്ന് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയും മുറിവിന്റെ ആഴം കണ്ടെത്തുകയുമായിരുന്നു.
150 സെ.മി നീളമുള്ള മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാൽ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തിൽ സാധാരണ ഉണ്ടാവുക. എന്നാൽ ഉത്രയുടെ ശരീരത്തിൽ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാൽ മാത്രമേ ഇത്രയും വലിയ പാടുകൾ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.
Tags