കേരള തീരത്ത് അതീവജാഗ്രത; നിരീക്ഷണം ശക്തമാക്കണമെന്ന് ഐബി റിപ്പോര്‍ട്ട്
August 26, 2021
കേരള – തമിഴ്നാട് തീരങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ഐബി റിപ്പോര്‍ട്ട്. താലിബാന്റെ വരവോടെ അഫ്ഗാനില്‍ നിന്നും ഇന്ത്യന്‍ സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്ത് കൂടിയതായി ഐബി കണ്ടെത്തി. ലഹരിക്കൊപ്പം ആയുധങ്ങളും കേരളാ – തമിഴ്നാട് തീരങ്ങളിലേക്ക് കടത്താനിടയുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ഇതരസംസ്ഥാനക്കാരെ നിരീക്ഷിച്ചുവരികയാണ്.
ചില മത്സ്യബന്ധന ബോട്ടുകള്‍ ഇറാന്‍ തീരം വരെ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അസാധാരണമാണെന്ന് ഐബി റിപ്പോര്‍ട്ടിൽ പറയുന്നു. ഇത്തരം ബോട്ടുകള്‍ തിരികെയെത്തുമ്പോള്‍ വിശദ പരിശോധന വേണമെന്നും മത്സ്യബന്ധനത്തിന് പോകുന്നവര്‍ തന്നെയാണോ മടങ്ങിയെത്തുന്നതെന്ന കാര്യത്തിലും ശ്രദ്ധ വേണമെന്നും ഐബി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
തെക്കേയിന്ത്യന്‍ തീരങ്ങളില്‍ ലഹരി/ആയുധ കള്ളക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് മുന്‍ എൽടിടിഇ പ്രവര്‍ത്തകരാണ്. കൊച്ചിയില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് എന്‍ഐഎയും അറിയിച്ചു.
ചെന്നൈ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. എൻഐഎ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
Tags